കേന്ദ്രം ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു; തമിഴ്നാട്ടിൽ സിഎഎ നടപ്പാക്കാൻ അനുവദിക്കില്ല: വിജയ്
കഴിഞ്ഞ ദിവസം പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കിയതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് രംഗത്തെത്തി. ഈ നിയമത്തിലൂടെ കേന്ദ്രം ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും തമിഴ്നാട്ടിൽ സിസിഎഎഎ നടപ്പാക്കാൻ അനുവദിക്കില്ലെന്നും വിജയ് പറഞ്ഞു.
സോഷ്യൽ മീഡിയയായ എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിജയ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിയമം നടപ്പാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഉടൻ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാനും അന്തരീക്ഷത്തെ ധ്രുവീകരിക്കാനും ബി.ജെ.പി. ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വിജയ്ക്ക് പുറമേ, മറ്റ് പ്രതിപക്ഷ നേതാക്കളും പൗരത്വ (ഭേദഗതി) നിയമത്തെ മുൻനിർത്തി കേന്ദ്രത്തെ വിമർശിച്ചു .