തൃശൂർ പൂരം കലക്കൽ ; ത്രിതല അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗ തീരുമാനം


ഇത്തവണത്തെ പൂരം കലക്കൽ വിഷയത്തില്‍ ത്രിതല അന്വേഷണം നടത്തീന് മന്ത്രിസഭാ യോഗ തീരുമാനം . എഡിജിപി പങ്കുവെച്ച അന്വേഷണ റിപ്പോർട്ട് നേരത്തെ സർക്കാർ തള്ളിയിരുന്നു. പിന്നാലെയാണ് ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഇടതു മുന്നണിയിൽ നിന്നും സിപിഐ നേതാക്കൾ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. പൂരവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് ഇക്കുറി അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പൂരത്തിൽ നടന്നിട്ടുണ്ട്. ആ രീതിയിൽ സംശയിക്കാൻ ഉള്ള ഒരുപാട് കാര്യം റിപ്പോർട്ടിൽ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയം ഗൗരവായി തന്നെ പരിശോധിക്കുമെന്നും ഭാവിയിൽ ഭംഗിയായി പൂരം നടത്താൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിശദമായ അന്വേഷണത്തിനായി എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടോ എന്നത് സംബന്ധിച്ച് ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും. എഡിജിപി എംആർ അജിത് കുമാറിൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദ റിപ്പോർട്ട് നൽകാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.