മെയ്ക്ക് ഇൻ ഇന്ത്യയല്ല, കേബിളുകൾ ചൈനീസ് കമ്പനിയുടേത്;സംസ്ഥാന സർക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ കെ ഫോണിൽ ഗുരുതര കണ്ടെത്തലുമായി എജി


തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ കെ ഫോണിൽ ഗുരുതര കണ്ടെത്തലുമായി എജി. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ കെ ഫോൺ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് എത്തിച്ചത്. കേബിളിന്റെ ഗുണനിലവാരത്തിൽ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്കും സംശയമുണ്ട്. കരാർ കമ്പനിയായ എൽഎസ് കേബിളിന് കെഎസ്ഐടിഎൽ നൽകിയത് അനർഹമായ സഹായമാണെന്നും പദ്ധതിക്കാവശ്യമായ കേബിളിന്റെ പ്രധാന ഭാഗങ്ങൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തതെന്നും എജി കണ്ടെത്തി. ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണെന്നും എജിയുടെ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷൻ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ ജൂണ്‍ അഞ്ചിനാണ് കേരളത്തിന് സമര്‍പ്പിച്ചത്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി വഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
സര്‍ക്കാര്‍ വക ഇന്റര്‍നെറ്റ് സേവനം എന്നതിലുപരി വിപുലമായ വരുമാന മാര്‍ഗ്ഗം കൂടിയാണ് കെഫോണ്‍ പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറ്റ് ഇന്റര്‍നെറ്റ് സേവന ദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിൽ വരെ വിപുലമായ നെറ്റ് വർക്ക്. അത് വഴി സമൂഹത്തിന്റെ സമഗ്ര മേഖലകളും ഇന്റര്‍നെറ്റ് വലയത്തിൽ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സൗജന്യ കണക്ഷൻ. മറ്റുള്ളവര്‍ക്ക് കുറഞ്ഞ ചെലവിൽ സേവനം. വാണിജ്യ കണക്ഷനുകൾ നൽകി വരുമാനം കണ്ടെത്തുന്നതിന് പുറമെ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിട്ടുള്ള ഡാര്‍ക്ക് കേബിളുകളും പാട്ടത്തിന് നൽകും.