അപരിചിതരായ സ്ത്രീകളെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് ലൈംഗിക കുറ്റകൃത്യം: കല്‍ക്കട്ട ഹൈക്കോടതി

single-img
2 March 2024

അപരിചിതരായ സ്ത്രീകളെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് ലൈംഗിക കുറ്റകൃത്യമെന്ന് കല്‍ക്കട്ട ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാ നിയമം 354 പ്രകാരം ഈ പ്രയോഗം ലൈംഗിക ചുവയുള്ള പരാമര്‍ശമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

മദ്യപിച്ച് റോഡില്‍ ബഹളം വെക്കുന്ന ആളെ പിടികൂടിയ സമയം വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ ഡാര്‍ലിങ് എന്ന് വിളിച്ച കേസിലെ കുറ്റവാളിയുടെ ശിക്ഷ ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. റോഡില്‍ മദ്യപിച്ച് ബഹളം വെക്കുന്നയാളെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയോടാണ് പ്രതി ഡാര്‍ലിങ് എന്ന് വിളിച്ച് സംസാരിച്ചത്. എന്താണ് ഡാര്‍ലിങ് എനിക്ക് പിഴ ചുമത്താന്‍ വന്നതാണോ എന്നാണ് ഇയാള്‍ പൊലീസുകാരിയോട് ചോദിച്ചത്.

പക്ഷെ ഈ വ്യക്തി ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ പൊതുസ്ഥലത്ത് ഒരു സ്ത്രീയെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് വളരെ മോശമാണെന്നും മദ്യപിചെല്ലെങ്കില്‍ അതിന്റെ വ്യാപ്തി ഇതിലും കൂടുതലായേനെ എന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വർഷം ഏപ്രില്‍ 24ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്ന് മാസത്തെ ശിക്ഷയ്ക്ക് വിധിക്കുകയും 500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.