രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ പിന്തുണയ്ക്കാം: പിവി അൻവർ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ സാന്നിധ്യം ഇടതുമുന്നണിക്കും യുഡിഎഫിനും ഒരുപോലെ തലവേദന സൃഷ്ടിക്കുമെന്ന് പിവി അൻവർ എംഎൽഎ. യുഡിഎഫിലെ രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ പിന്തുണയ്ക്കാമെന്ന് പിവി അൻവർ പറഞ്ഞു.
തങ്ങളുടെ ഡിഎംകെ മത്സരിച്ചില്ലെങ്കിൽ പോലും കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പില്ല. ആ ജില്ലയിലെ കോൺഗ്രസുകാരുടെ പിന്തുണ പോലും സ്ഥാനാർഥിക്ക് ഇല്ലെന്ന് അൻവർ പരിഹസിച്ചു . പാലക്കാട് ഡിഎംകെ സ്ഥാനാർഥിയെ പിൻവലിച്ചാൽ യുഡിഎഫ് ചേലക്കരയിലെ സ്ഥാനാർഥിയെ പിൻവലിക്കുമോ എന്നും ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നും പിവി അൻവർ പറഞ്ഞു.
കർഷക തൊഴിലാളികളുടെ ഈറ്റില്ലമായ പാലക്കാട് സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആളില്ലെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. കോൺഗ്രസിൽ നിന്ന് രാജിവച്ച സരിൻ്റെ പുറകെ നടക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്ന് അൻവറിന്റെ വിമർശനം. താൻ നോമിനേഷൻ കൊടുത്തപ്പോൾ തന്നെ ഇങ്ങോട്ട വന്നാണ് എൽഡിഎഫ് പിന്തുണച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .