ഇന്ത്യൻ പ്രധാനമന്ത്രിക്കോ മറ്റ് മന്ത്രിമാർക്കോ പങ്കില്ല; നിജ്ജാർ കൊലപാതകത്തെ സംബന്ധിക്കുന്ന മാധ്യമ വാർത്ത തള്ളി കാനഡ
ഖലിസ്ഥാൻ നേതാവ് നിജ്ജാറിനെ കൊല്ലാനുള്ള പദ്ധതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്ക് അറിവുണ്ടായിരുന്നു എന്ന മാധ്യമ വാർത്ത തള്ളി കാനഡ. ഇന്ത്യൻ പ്രധാനമന്ത്രിക്കോ മറ്റ് മന്ത്രിമാർക്കോ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധമില്ലെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കി.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ച്, ഇന്ത്യൻ പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും അറിയാമായിരുന്നുവെന്ന് കനേഡിയൻ പത്രമായ ദ ഗ്ലോബ് ആൻഡ് മെയിലാണ് റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത തള്ളിക്കൊണ്ട് രംഗത്തെത്തിയ കനേഡിയൻ സർക്കാർ, മോദി ഉൾപ്പെടെയുള്ള നേതാക്കളെ ഈ കേസുകളുമായി ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് വ്യക്തമാക്കി.
പേര് വെളിപ്പെടുത്താത്ത മുതിർന്ന ഇന്‍റലിജൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചായിരുന്നു ഗ്ലോബ് ആൻഡ് മെയിലിന്‍റെ റിപ്പോർട്ട്. കാനഡയിലും അമേരിക്കയിലും സിഖ് നേതാക്കളെ ലക്ഷ്യമിട്ട വധശ്രമങ്ങളിലേക്ക്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ എന്നിവരുടെ പേരുകളും മാധ്യമ റിപ്പോർട്ട് ചേർത്തുവച്ചിരുന്നു. ഈ പത്ര റിപ്പോർട്ടിനെ തുടർന്നാണ് കാനഡ വിശദീകരണ കുറിപ്പ് ഇറക്കിയത്.
വാർത്തയ്ക്ക് പിന്നാലെ രൂക്ഷ പ്രതികണവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് പരിഹാസ്യമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. മാധ്യമ റിപ്പോർട്ടിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പറഞ്ഞ ഇന്ത്യൻ വിദേശകാര്യ വക്താവ്, ഇത്തരത്തിലുള്ള ദുഷ്പ്രചരണങ്ങൾ, വഷളായിരിക്കുന്ന ഇന്ത്യ – കാനഡ ബന്ധത്തെ കൂടുതൽ വഷളാക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 18ന് കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് ഇന്ത്യ- കാനഡ ബന്ധത്തിലെ ഉലച്ചിലിൻ്റെ തുടക്കം. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് കാനഡ സാക്ഷിയായത്. കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഇതൊരു കരടായി. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിഖ് സമൂഹമുള്ള രാജ്യമാണ് കാനഡ. എന്നാൽ നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിരുന്നില്ല.
2023 സെപ്റ്റംബറിലാണ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആദ്യമായി ആരോപിക്കുന്നത്. ഇന്ത്യ ഈ ആരോപണം അന്ന് തന്നെ നിഷേധിച്ചിരുന്നു. വിഘടനവാദികള്‍ക്കും തീവ്രനിലപാടുകള്‍ വെച്ചുപുലർത്തുന്നവർക്കും കാനഡ അഭയം നല്‍കുന്നുവെന്ന് ഇന്ത്യ വിമർശിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം സുഖകരമല്ല. അന്ന് ട്രൂഡോ നടത്തിയ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ നല്‍കാന്‍ ഇന്ത്യന്‍ സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കാനഡ അതൊന്നും പരിഗണിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.