സൈബർ ആക്രമണകാരികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി കാനഡ

single-img
3 November 2024

ഇന്ത്യക്കെതിരെ തുടർച്ചയായ പ്രതികാര നടപടിയുമായി കാനഡ. സൈബർ ആക്രമണകാരികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയേയും കാനഡ ഉൾപ്പെടുത്തി. ഈ പട്ടികയിൽ അഞ്ചാമതായാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ സൈബർ സുരക്ഷ വാർഷിക റിപ്പോർട്ടിലാണ് പരാമർശം. ഭരണത്തലന്മാർ തന്നെ ചാരപ്രവൃത്തിക്ക് നേതൃത്വം നൽകുന്നുവെന്ന ഗുരുതര സ്വഭാവമുള്ള വിശേഷണവും ഇന്ത്യക്കെതിരെ റിപ്പോര്‍ട്ടിലുണ്ട്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.

നിജ്ജര്‍ കൊലപാതകത്തിലും കാനഡയെ നിരീക്ഷിക്കുന്നതിലുമടക്കം അമിത് ഷാക്ക് പങ്കുണ്ടെന്ന് സുരക്ഷകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്‍പില്‍ കനേഡിയന്‍ വിദേശകാര്യ സഹമന്ത്രിയും സുരക്ഷ ഉപദേഷ്ടാവും സ്ഥിരീകരിച്ചതായിരുന്നു ഇന്ത്യയെ ചൊടിപ്പിച്ചത്.

അസംബന്ധവും അടിസ്ഥാനരഹിതവുമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കുന്നുവെന്ന കുറിപ്പ് ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി കുറിപ്പ് കൈമാറുകയും ചെയ്തു. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ നീക്കമാണെന്നും ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.