തീരദേശ നിയമം ലംഘിച്ച് നിർമ്മാണം; ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു

single-img
12 September 2022

തീരദേശ നിയമം ലംഘിച്ച് നിർമ്മാണം നടത്തിയ ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. റിസോര്‍ട്ട് പൊളിച്ച് നീക്കണമെന്ന കോടതി വിധിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

സംസ്ഥാനത്തെ തീരദേശ നിയമം ലംഘിച്ച് പണിത പാണാവള്ളി നെടിയതുരുത്തിലുള്ള കാപ്പിക്കോ റിസോര്‍ട്ടിൽ ഇന്ന്ജി ല്ലാ കളക്ടറുടെ നേതൃത്വത്തിനുള്ള സംഘം എത്തി നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു.

അതേസമയം, റിസോര്‍ട്ട് പൊളിക്കാന്‍ കോടതി വിധി വന്നിട്ട് ഒരു വര്‍ഷമായിട്ടും പൊളിക്കല്‍ നടപടികള്‍ നീണ്ടുപോകുകയായിരുന്നു. പാണാവള്ളി പഞ്ചായത്തിന് കെട്ടിടം പൊളിക്കാന്‍ ആവശ്യമായ ഫണ്ടില്ലാത്തതും കോവിഡും കാരണം നടപടി തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

പൊളിക്കല്‍ നടപടിയെ കുറിച്ച് പദ്ധതി തയ്യാറാക്കാന്‍ എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം, മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇനി ആവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഒരാഴ്ച്ചയ്ക്കുള്ളില്‍ റിസോര്‍ട്ട് പൊളിച്ച് നീക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാപ്പിക്കോ ഗ്രൂപ്പ് മുത്തറ്റ് മിനി ഗ്രൂപ്പ് ഉടമ റോയി എം മാത്യുവുമായി ചേര്‍ന്നായിരുന്നു റിസോര്‍ട്ട് നിര്‍മ്മാണം. കാപ്പിക്കോ കേരള റിസോര്‍ട്ട് എന്ന പേരിലായിരുന്നു കമ്പനി രജിസ്റ്റര്‍ ചെയ്ത് റിസോര്‍ട്ട് നിര്‍മ്മാണം നടത്തിയത്. ഇതേതുടര്‍ന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ നല്‍കിയ ഹര്‍ജിയിലാണ് റിസോര്‍ട്ട് പൊളിച്ച് നീക്കണമെന്ന സുപ്രീം കോടതിയുടെ അന്തിമ വിധി ഉണ്ടായത്.