എറണാകുളം ബസിലിക്ക പള്ളിയിലെ സംഘര്‍ഷത്തില്‍ അപലപിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: എറണാകുളം ബസിലിക്ക പള്ളിയിലെ സംഘര്‍ഷത്തില്‍ അപലപിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സംഭവം അതീവ ദുഃഖകരമാണെന്ന് പറഞ്ഞ ആലഞ്ചേരി, അച്ചടക്കത്തിന്റെ എല്ലാ അതിര്‍വരമ്ബും ലംഘിച്ചെന്നും വിമര്‍ശിച്ചു. കുര്‍ബാനയെ സമരത്തിന് ഉപയോഗിച്ചത് സമാനതകളില്ലാത്ത അച്ചടക്ക ലംഘനമാണെന്നും കുര്‍ബാനയെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദേവാലയത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്തി. ഏകീകൃത കുര്‍ബാനക്കെതിരായ സമരങ്ങളില്‍ നിന്ന് വൈദികരും വിശ്വാസികളും പിന്മാറണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
ഡിസംബര്‍ 23-24 തീയതികളില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന പ്രതിഷേധങ്ങളെ സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും എറണാകുളം-അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രറേറ്റര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും അപലപിച്ചു. ദേവാലയ വിശുദ്ധിയുടെയും കൗദാശികമായ പാവനതയുടെയും സഭാപരമായ അച്ചടക്കത്തിന്റെയും സകല അതിര്‍വരമ്ബുകളും ലംഘിച്ച സംഭവങ്ങളാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ബസിലിക്ക ദേവാലയത്തിനകത്ത് ഡിസംബര്‍ 23-24 തീയതികളില്‍ നടന്നത്. ഒരു സമരമാര്‍ഗ്ഗമായി കുര്‍ബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണ്. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് കുര്‍ബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കുമെതിരെ സഭാപരമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡിന്‍്റെ തീരുമാനപ്രകാരം, പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ നിശ്ചയിക്കപ്പെട്ട ഏകീകൃത കുര്‍ബാന അര്‍പ്പണരീതിയ്ക്കെതിരായും അതിനോടുള്ള പ്രതിഷേധമായും ഏതാനും വൈദികരും അല്മായരും ചേര്‍ന്ന് നടത്തിയ നീതികരിക്കാനാവാത്ത സംഭവങ്ങളില്‍ സീറോമലബാര്‍ സഭ ഒന്നാകെ അതീവ ദുഃഖത്തിലാണ്. ഏകീകൃത കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട സമരമാര്‍ഗ്ഗങ്ങളില്‍ നിന്ന് ഇതിന് നേതൃത്വം കൊടുക്കുന്ന വൈദികരും അല്മായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും ആലഞ്ചേരി അഭ്യര്‍ത്ഥിച്ചു.