ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖിലക്കെതിരെ കേസെടുക്കാനുള്ള പൊലീസിന്‍റെ തീരുമാനം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം: കെ സുരേന്ദ്രൻ
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പരീക്ഷ എഴുതാതെ പാസായി എന്ന് റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പോലീസിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്.
ആർഷോ നൽകിയ പരാതിയിലായിരുന്നു ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി പോലീസ് കേസെടുത്തത് . ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കേരളത്തിലെ സംഭവവികാസങ്ങളെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുക്കാനുള്ള കേരള പൊലീസിന്‍റെ തീരുമാനം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും സർക്കാരിനും സി പി എമ്മിനുമെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് സമീപനമാണ് പിണറായി വിജയൻ കൈക്കൊള്ളുന്നതെന്നും ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി മാറുകയാണ് പൊലീസെന്നും സുരേന്ദ്രൻ ആരോപിച്ചു.