പോപ്പുലർ ഫ്രണ്ടിനെതിരെ ഒരുതുറന്ന യുദ്ധത്തിന് തയ്യാറാവുക; വിദ്വേഷപ്രചരണത്തിൽ കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിനെതിരേ കേസ്
വിദ്വേഷപ്രചരണം നടത്തിയെന്നപരാതിയിൽ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി കെ സ്മിന്ദേഷിനെതിരെ പോലീസ് കേസെടുത്തു. പോപ്പുലര്‍ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ തലേദിവസം സ്മിന്ദേഷ് സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്നരീതിയിലുള്ള ശബ്ദസന്ദേശം പ്രചരിപ്പിച്ചെന്നുമാണ് കേസെടുത്ത പാനൂര്‍ പോലീസ് പറയുന്നത്.
പോപ്പുലര്‍ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നും ഒരുതുറന്ന യുദ്ധത്തിന് തയ്യാറാകണമെന്നുമാണ് സ്മിന്ദേഷിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഈ സന്ദേശം പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
ശബ്ദ സന്ദേശം ഇങ്ങിനെ: ‘എസ്ഡിപിഐക്കാര്‍ കടകളില്‍ കയറി നാളെ കട അടയ്ക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ പിന്നാലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എല്ലാവരും കടകളില്‍ കയറി കട തുറക്കണം, സംരക്ഷണം നല്‍കും എന്നും പറഞ്ഞിട്ടുണ്ട്. പാനൂരും പരിസരപ്രദേശത്തുമുള്ള എല്ലാവരും നാളെ എത്തണം. ഇത് നമ്മുടെ അഭിമാനപ്രശ്‌നമാണ്. ഇതിലും വലിയ കൊടുങ്കാറ്റും പേമാരിയുമെല്ലാം കണ്ടിട്ട് പാനൂരില്‍ വളര്‍ന്നവരാണ് നമ്മള്‍. ആ നമ്മളെയാണ് സുഡാപ്പികള്‍ വെല്ലുവിളിക്കുന്നത്.
ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്, ഒരുതുറന്ന യുദ്ധത്തിന് നമ്മള്‍ തയ്യാറാകണം. എല്ലാവരും രാവിലെ 6.30ന് പാനൂര്‍ എത്തിച്ചേരണം. ഏതുരീതിയിലാണോ ഭീകരവാദികള്‍ നമ്മളോട് പ്രതികരിക്കുന്നത്, അതേനാണയത്തില്‍ അവര്‍ക്ക് തിരിച്ച് മറുപടി നല്‍കാന്‍ നമുക്ക് സാധിക്കണം. മുഴുവന്‍ ദേശസ്‌നേഹികളെയും പാനൂരിലേക്ക് ക്ഷണിക്കുന്നു. ഹര്‍ത്താലാണെന്ന് കരുതി ആരും വീട്ടിലിരിക്കരുത്, നമുക്ക് നാളെ ഹര്‍ത്താല്‍ ഇല്ല.’