ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുന്നതായി വ്യാജ പ്രചാരണം; ബിജെപി തമിഴ്‌നാട് അധ്യക്ഷനെതിരെ കേസെടുത്തു
വ്യാജ പ്രചാരണം നടത്തിയെന്ന പേരിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തു. ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ വ്യാപകമായി തമിഴ്നാട്ടില്‍ ആക്രമിക്കപ്പെട്ടെന്ന പരാമര്‍ശത്തിലാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സൈബര്‍ വിഭാഗം നടപടി. അക്രമത്തിന് പ്രേരിപ്പിക്കുക, രണ്ടുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അണ്ണാമലൈക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
നേരത്തെ ഇതേ വ്യാജ പ്രചരണത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അടിസ്ഥാന രഹിതമായ വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചവര്‍ രാജ്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരാണെന്നും കേവല രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഇത്തരം പ്രവര്‍ത്തികളെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.
വിഷയത്തിൽ ഇതുവരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദി പത്രമായ ദൈനിക് ഭാസ്‌കര്‍ എഡിറ്റര്‍, മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് തന്‍വീര്‍, ഉത്തര്‍പ്രദേശിലെ ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവോ, സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറായ സുഗം ശുക്ല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.