ഗൂഡാലോചന നടത്തി; ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ കേസെടുത്തു


എറണാകുളം അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ പോലീസ് കേസെടുത്തു.
തനിക്കെതിരെ വ്യാജപ്പരാതി നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ്ജും മറ്റുള്ള എട്ടു പേരും ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നായിരുന്നു ക്രൈം നന്ദകുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. നേരത്തെ ചില വിഡിയോകളിലൂടെ മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ക്രൈം നന്ദകുമാറിനെതിരെ മന്ത്രിയുടെ ഓഫീസിന്റെ പരാതിയില്‍ കേസെടുത്തിരുന്നു.
അതിനു ശേഷം നന്ദകുമാറിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഒരു പെണ്‍കുട്ടി വീണാജോര്‍ജിന്റെ അശ്‌ളീല ചിത്രമെന്ന പേരില്‍ തന്റെ മുഖം ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കാന്‍ നന്ദകുമാര്‍ ശ്രമിച്ചുവെന്നാരോപിച്ച് കേസ് കൊടുക്കുകയും അതില്‍ നന്ദകുമാര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തന്നെ അറസ്റ്റ് ചെയ്യിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് അദ്ദേഹം ആരോഗ്യമന്ത്രിക്കെതിരെ കേസ് കൊടുത്തത്.