മൊബൈൽ സ്വിച്ച് ഓൺ ; സിദ്ദിഖിനെ ഒളിവിൽകഴിയാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കും
ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസ് നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഒളിവിൽപോയ നടൻ സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ആയി. കേരളാ ഹൈക്കോടതി ജാമ്യഹർജി തള്ളിയതിന് ശേഷം നടന്റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു.
നിലവിൽ രണ്ട് ഫോണുകളും ഓൺ ആയെങ്കിലും സിദ്ദിഖിന്റെ നമ്പർ രണ്ടും ബിസിയാണ് . അതേസമയം , സിദ്ദിഖിനെതിരെ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അന്വേഷണസംഘം. സഹായിക്കുന്നവർക്കെതിരെയും കേസെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് അന്വേഷണ സംഘത്തലവൻ സ്പർജൻ കുമാർ. അദ്ദേഹത്തിനായി തിരച്ചിൽ നടത്തുന്നത് 6 സംഘങ്ങളാണ്.
ഇതിനിടയിൽ സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ തടസ ഹർജി നൽകും. ഇടക്കാല ഉത്തരവിനു മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുക. അവസാന ശ്രമം എന്ന നിലയിലെ സിദ്ദിഖ് ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ വഴി സുപ്രീംകോടതിയിൽ ഹർജി നൽകുമെന്നാണ് വിവരം.