എംപിമാര്‍ക്കും എംഎല്‍എമാർക്കുമെതിരെയുള്ള കേസുകള്‍ വേഗത്തില്‍ തീർപ്പാക്കണം; 7 മാർഗനിർദേശങ്ങളുമായി സുപ്രീംകോടതി

single-img
9 November 2023

എംഎല്‍എമാർക്കും എംപിമാർക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പെട്ടെന്ന് തീർപ്പാക്കുന്നതിനായി ഹൈക്കോടതികൾക്ക് മാർഗനിർദേശങ്ങളുമായി സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 227 പ്രകാരമുള്ള അധികാരമുപയോഗിച്ച് ഹൈക്കോടതികള്‍ക്ക് ഇത്തരം കേസുകള്‍ നിരീക്ഷിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഇതിനുവേണ്ടി ഏഴ് മാർഗനിർദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ചിനോ അതല്ലെങ്കിൽ അദ്ദേഹം നിയോഗിച്ച ബെഞ്ചിനോ സ്വമേധയാ പരിഗണിക്കാമെന്നും നിർദേശത്തിൽ പറയുന്നു.

അതേസമയം, കേസുകൾ തീർപ്പാക്കുന്നതിൽ സംസ്ഥാനങ്ങള്‍ക്കുടനീളം ബാധകമാകുന്ന ഏകീകൃത നിർദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചീഫ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

മാർഗനിർദേശങ്ങള്‍ ഇവയാണ് :

എംപിമാർക്കും എംഎൽഎമാർക്കെതിരായ ക്രിമിനൽ കേസുകൾ നേരത്തേ തീർപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാം. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ചോ അദ്ദേഹം നിയോഗിച്ച ബെഞ്ചിനോ സ്വമേധയാ കേസ് പരിഗണിക്കാം

സ്വമേധയാ കേസ് പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന് ആവശ്യമെന്ന് തോന്നുന്ന സമയത്ത് കൃത്യമായ ഇടവേളകളിൽ വിഷയം ലിസ്റ്റ് ചെയ്യാം. കേസുകൾ വേഗത്തിലും കാര്യക്ഷമമായും തീർപ്പാക്കുന്നതിന് ആവശ്യമായ ഉത്തരവുകളും നിർദേശങ്ങളും ഹൈക്കോടതിക്ക് പുറപ്പെടുവിക്കാം. കോടതിയെ സഹായിക്കാൻ അഡ്വക്കേറ്റ് ജനറലിനെയോ പ്രോസിക്യൂട്ടറെയോ വിളിക്കുന്ന കാര്യവും പ്രത്യേക ബെഞ്ചിന് പരിഗണിക്കാം.

കോടതികള്‍ക്ക് കേസുകള്‍ കൈമാറുന്നതിനായുള്ള ഉത്തരവാദിത്തം ഒരു പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി വഹിക്കണമെന്ന് ഹൈക്കോടതിക്ക് ആവശ്യപ്പെടാം. ഇടവേളകളില്‍ റിപ്പോർട്ട് സമർപ്പിക്കുന്നതിനും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയെ ഹൈക്കോടതിക്ക് ചുമതലപ്പെടുത്താം.

കേസുകള്‍ക്ക് പരിഗണന നല്‍കേണ്ട വിധം

എംപിമാർക്കും എംഎല്‍എമാർക്കുമെതിരായ കേസുകളില്‍ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍

അഞ്ച് വർഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്നവ

മറ്റ് കേസുകള്‍.

വിചാരണ ആരംഭിക്കുന്നതിനായി സ്റ്റേ നീക്കുന്നത് ഉൾപ്പെടെയുള്ള ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നുവെന്ന് ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസിന് പ്രത്യേക ബെഞ്ചിന് മുമ്പാകെ വിചാരണ സ്റ്റേ ലഭിച്ച കേസുകൾ ലിസ്റ്റ് ചെയ്യാം

പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കോടതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഫലപ്രദമായി പ്രവർത്തിക്കുന്നതിന് ഉചിതമായ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കണം

ഫയൽ ചെയ്ത വർഷം, തീർപ്പാക്കാത്ത കേസുകളുടെ എണ്ണം, നടപടിക്രമങ്ങളുടെ ഘട്ടം എന്നിവയെക്കുറിച്ചുള്ള ജില്ല തിരിച്ചുള്ള വിവരങ്ങൾക്കായി വെബ്സൈറ്റില്‍ പ്രത്യേക ടാബ് ഹൈക്കോടതി തയാറാക്കണം