സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ വിശദാംശങ്ങൾ വാട്സ്ആപ് വഴി അറിയാം
രാജ്യത്തെ കോടതികളിലെ ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ വിശദാംശങ്ങൾ ഇനിമുതൽ വാട്സ്ആപ് വഴി അറിയാൻ കഴിയും . കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അഭിഭാഷകർക്ക് വാട്സ്ആപ് മുഖേന ലഭ്യമാകുമെന്നും ഡിജിറ്റൽവത്കരണത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്ന് അറിയിച്ചു.
വാട്സ്ആപ് വഴിയുള്ള മെസേജിങ് സേവനം സുപ്രീംകോടതിയുടെ ഐ.ടി സേവനവുമായി ബന്ധിപ്പിക്കുകയാണ്. ഓരോ ദിവസവും കോടതി പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റ്, ഉത്തരവുകൾ, വിധിന്യായങ്ങൾ എന്നിവ സംബന്ധിച്ച് വാട്സ് ആപ്പിലൂടെ അറിയാൻ കഴിയും. സുപ്രീംകോടതിയുടെ 8767687676 എന്ന വാട്സ്ആപ് നമ്പറും അദ്ദേഹം പരസ്യപ്പെടുത്തി.
ഈ നമ്പറിൽ പക്ഷെ ആളുകളുടെ സന്ദേശമോ കാളുകളോ സ്വീകരിക്കില്ല. ദൂര സ്ഥലങ്ങളിലുള്ള ജനങ്ങൾക്കുപോലും വാട്സ്ആപ് വഴി കേസുകൾ സംബന്ധിച്ച വിവരം അറിയാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.