തിരുവനന്തപുരം നഗരത്തില്‍ പോത്ത് വിരണ്ടോടി; ഒരാളെ കുത്തി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പോത്ത് വിരണ്ടോടി. നഗരത്തിലെ മ്യൂസിയത്തിനകത്തേക്ക് ഓടിക്കയറിയ പോത്ത് ഒരാളെ കുത്തിപരിക്കേല്‍പ്പിച്ചു.
കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
പാളയത്ത് കടനടത്തുന്ന പോത്ത് വ്യാപാരിയായ കുന്നുകുഴി സ്വദേശി അമ്ബിളിയുടെ പോത്താണ് വിരണ്ടോടിയത്. കടയിലെ സഹായിയായ യുവാവിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. യുവാവിനെ കുത്തിയ ശേഷം വിരണ്ടോടിയ പോത്തിന് ഓട്ടത്തിനിടയില്‍ കൊമ്ബിന് പരിക്കേറ്റു. ഒരുകൊമ്ബ് ഒടിഞ്ഞ് രക്തം ഒഴുകുന്ന നിലയിലാണ് പോത്ത് നഗരസഭയുടെ സമീപമുള്ള ഗേറ്റ് വഴി മൃഗശാലയിലേക്ക് ഓടിക്കയറിയത്. മൃഗശാലവളപ്പില്‍ തലങ്ങും വിലങ്ങും ഓടുന്നത് കൂട്ടില്‍ നിന്ന് പുറത്തുചാടിയ കാട്ടുപോത്താണെന്ന് ധരിച്ച് മൃഗശാലയിലുണ്ടായിരുന്നവര് ഭയചകിതരായി. ഇതിനിടെ കാട്ടുപോത്ത് പുറത്തുചാടിയെന്ന വാര്‍ത്തയും പ്രചരിച്ചു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് മൃഗശാലയിലുണ്ടായിരുന്ന ആളുകളെ സുരക്ഷിതരായി പുറത്തിറക്കി രണ്ട് ഗേറ്റുകളും അടച്ചശേഷം കയര്‍കൊണ്ടുള്ള വല ഉപയോഗിച്ച് പോത്ത് നിന്ന സ്ഥലം ബന്തവസിലാക്കി. കയര്വലയ്ക്കുള്ളിലായ പോത്തിന്റെ കാലുകളില്‍ കുരുക്കിട്ടശേഷം കയറുപയോഗിച്ച് ബന്ധിച്ചാണ് വരുതിയിലാക്കിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് പോത്തിനെ മ്യൂസിയം പൊലീസിനെ ഏല്‍പ്പിച്ചു. പോത്തിനെ പൊലീസ് പിന്നീട് ഉടമയ്ക്ക് കൈമാറി.