അഴിമതി കേസിൽ മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കറുകള്‍ CBI പരിശോധിച്ചു
New Delhi: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഇ.
ഡല്‍ഹി സര്‍ക്കാരിന്‍റെ എക്സൈസ് നയത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കറുകള്‍ CBI പരിശോധിച്ചു.
മനീഷ് സിസോദിയയുടെ ഗാസിയാബാദിലെ PNB ബ്രാഞ്ചിലെ ലോക്കറില്‍ CBI പരിശോധന നടത്തി. ഡല്‍ഹി സര്‍ക്കാരിന്‍റെ എക്‌സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഒന്നാം പ്രതിയാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
ഗാസിയാബാദിലെ PNB ബ്രാഞ്ചില്‍ പരിശോധനയ്ക്കായി 5 CBI ഉദ്യോഗസ്ഥരാണ് എത്തിയത്. പരിശോധനാ സമയത്ത് മനീഷ് സിസോദിയയും ഭാര്യയും ബാങ്കില്‍ ഹാജരായിരുന്നു.
അതേസമയം, CBI നടത്തുന്ന പരിശോധനയെ മനീഷ് സിസോദിയ സ്വാഗതം ചെയ്തു. “ബാങ്ക് ലോക്കര്‍ പരിശോധിക്കാന്‍ സിബിഐ വരുന്നു. ആഗസ്ത് 19-ന് വീട്ടില്‍ 14 മണിക്കൂര്‍ നീണ്ട റെയ്ഡിനിടെ അവര്‍ക്ക് ഒന്നും കണ്ടെത്തിയില്ല. ലോക്കറിലും അവര്‍ക്ക് ഒന്നും കണ്ടെത്താനാകില്ല, സിബിഐയെ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തില്‍ ഞാനും എന്‍റെ കുടുംബവും പൂര്‍ണ സഹകരണം നല്‍കും. .” മനീഷ് സിസോദിയ ട്വീറ്റില്‍ കുറിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 19നാണ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് CBI ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ റെയ്ഡ് നടത്തിയത്. സിസോദിയയുടെ വസതി ഉള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
അതേസമയം സംസ്ഥാന സര്‍ക്കാരുകളെ ഇല്ലാതാക്കാന്‍ ബിജെപി ഒരു സീരിയല്‍ കൊലയാളിയെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാള്‍ ആരോപിക്കുന്നത്.