മനീഷ് സിസോദിയക്കെതിരെ വീണ്ടും കേസെടുക്കാനൊരുങ്ങി സിബിഐ
ഡല്‍ഹി :ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ വീണ്ടും കേസെടുക്കാനൊരുങ്ങി സിബിഐ. സര്‍ക്കാര്‍ ചെലവില്‍ നിയമവിരുദ്ദമായി സമാന്തര അന്വേഷണ സംഘത്തെ ഉണ്ടാക്കിയതിനെതിരെ കേസെടുക്കാനാണ് ദില്ലി ലഫ് ഗവര്‍ണറോട് അനുമതി തേടിയത്.
2015ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജിലന്‍സ് മേധാവിയായിരിക്കെയാണ് ദില്ലി എഎപി സര്‍ക്കാര്‍ രഹസ്യ ഫീഡ്ബാക്ക് യൂണിറ്റ് സ്ഥാപിക്കുന്നത്. സപ്റ്റംബറില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്, 2016 ഫെബ്രുവരി 1 മുതല്‍ സംഘം പ്രവര്‍ത്തനം തുടങ്ങി. വ്യക്തികള്‍ സ്ഥാപനങ്ങള്‍ വിവിധ വകുപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിച്ച സംഘം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
1 കോടി രൂപ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചു. രഹസ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ കൈമാറി. ഇതുവഴി 36 ലക്ഷത്തോളം രൂപ ഖജനാവില്‍നിന്ന് നഷ്ടമായി. മറ്റ് ഏജന്‍സികളുടെ അധികാരങ്ങളെ മറികടന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ നിയമം ലംഘിച്ചായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനമെന്ന് സിബിഐ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 8 മാസത്തിനിടെ 700 കേസുകളില്‍ അന്വേഷണം നടത്തിയതില്‍ 60 ശതമാനവും രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള കേസുകളായിരുന്നുവെന്നും കണ്ടെത്തി. സിആര്‍പിഎഫ് മുന്‍ ഡിഐജി, ഐബി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, റിട്ടേഡ് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ മുതലായവരടക്കം 17 പേര്‍ സംഘത്തിലുണ്ടായിരുന്നു. ദില്ലി പോലീസ് വിജിലന്‍സ് റിപ്പോട്ട് അടിസ്ഥാനമാക്കി 2 കേസുകളെടുക്കാന്‍ കേസെടുക്കാന്‍ കഴിഞ്ഞ മാസം 12നാണ് സിബിഐ ദില്ലി ലഫ് ഗവര്‍ണറോട് അനുമതി തേടിയത്. ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശം തേടിയിട്ടുണ്ട്.