കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ്

single-img
21 April 2023

ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഏപ്രിൽ 28 നാണ് സത്യപാൽ മാലിക് സിബിഐ മുമ്പാകെ ഹാജരാകേണ്ടത്. കഴിഞ്ഞ ദിവസങ്ങളിൽ പുല്‍വാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിൻറെ വീഴ്ചകൾ മുന്‍ ഗവ‍ർണറായ സത്യപാല്‍ മാലിക് ചൂണ്ടിക്കാട്ടിയിരുന്നു.

ആവശ്യപ്പെട്ടിട്ടും ജവാന്മാരെ കൊണ്ടു പോകാൻ വിമാനം നൽകാത്തതും, സ്ഫോടകവസ്തു നിറച്ച കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്താത്തതും വീഴ്ചയാണെന്നായിരുന്നു മല്ലിക് ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ തന്നോട് ഇക്കാര്യം പുറത്തു മിണ്ടരുത് എന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇദ്ദേഹത്തിന്റെ വിമർശനം മുന്‍ കരസേന മേധാവി ശങ്കർ റോയ് ചൗധരിയും ശരിവെച്ചിരുന്നു. തുടർന്ന് വെളിപ്പെടുത്തൽ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുകയും കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മാലിക്കിനെതിരെയുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണം.