ആംബുലൻസിലല്ല പോയത്; പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി

single-img
28 October 2024

ഇത്തവണത്തെ തൃശൂർ പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും അതിന് ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ്റെ വണ്ടിയിലാണ് താൻ പോയതെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു.

സിനിമയിൽ നിന്ന് ഇറങ്ങാൻ തനിക്ക് സൗകര്യമില്ല. സിനിമ തൻ്റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിൻ്റെ ചോര എൻ്റെ കുടുംബത്തിൽ ഇല്ല. ചോര കൊടിയെന്തിയവരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും നവീൻ ബാബു വിഷയം ഉയർത്തി അദ്ദേഹം ചോദിച്ചു. മൂന്നാം മോദി സർക്കാർ വന്ന ശേഷം ഒരുത്തനെങ്കിലും മണിപ്പൂരിനെ കുറിച്ച് മിണ്ടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.