ട്രെയിനിലെ തീവെപ്പ്: അക്രമിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

single-img
3 April 2023

ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇയാളുടെ കയ്യിലൊരു ബാഗുമുണ്ട്. ഇയാൾ തന്നെയാണോ അക്രമിയെന്ന് പൊലീസും ഉറപ്പിച്ച് പറയുന്നില്ല. പക്ഷേ ദൃക്സാക്ഷി നൽകിയ സൂചനകളെല്ലാം യോജിക്കുന്നയാളാണ് ദൃശ്യങ്ങളിലുള്ളത്.

ചുവന്ന ഷർട്ടും,തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിരുന്നു. ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം ട്രെയിൻ നിർത്തിയ സമയത്ത് അക്രമി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. ദൃശ്യങ്ങളിൽ കാണുന്ന സ്ഥലത്തിനു തൊട്ടടുത്താണ് റെയിൽവേ ട്രാക്കും റെയിൽവേ ക്രോസിങ്ങുമുള്ളത്. അൽപനേരത്തിനുശേഷം പ്രധാന റോഡിലൂടെ വരുന്ന ഒരു ബൈക്ക് സമീപത്തു നിർത്തുന്നതും ഇയാൾ അതിൽ കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ട്രെയിൻ യാത്രയ്ക്കിടെ യുവാവ് കോച്ചിൽ പെട്രോൾ ഒഴിച്ചു തീയിട്ട സംഭവം ആസൂത്രിതമെന്നാണ് പൊലീസിന്റെ നിഗമനം. ഭീകരവാദ, മാവോയിസ്റ്റ് ബന്ധവും പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം തുടങ്ങി. സംഭവത്തില്‍ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചു. ഫൊറൻസിക്, ഫിംഗർ പ്രിന്റ് പരിശോധന പൂർത്തിയായി. ഉത്തർപ്രദേശ് സ്വദേശിയാണ് അക്രമിയെന്നാണു പ്രാഥമിക നിഗമനം.