വന്ദേഭാരത് കോച്ചുകളുടെ നിര്‍മാണത്തില്‍ കേന്ദ്രത്തിന് കോടികളുടെ നഷ്ടം; സി എ ജി റിപ്പോര്‍ട്ട്


രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ കോച്ചുകളുടെ നിര്‍മാണത്തില്‍ റെയിൽവേയ്ക്ക് കോടികളുടെ നഷ്ടമുണ്ടായതായി സി എ ജി റിപ്പോര്‍ട്ട്. കോച്ചുകളുടെ രൂപകല്പനക്കായി റെയില്‍വേ വാങ്ങിയ 55 കോടിയോളം രൂപയുടെ നിര്‍മാണസാമഗ്രികള്‍ ഉപയോഗ്യശൂന്യമായതായി സി എ ജി പരിശോധനയിൽ കണ്ടെത്തി.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതിയിലാണ് കോടികളുടെ നഷ്ടമുണ്ടായത്. ട്രെയിൻ പുറത്തിറക്കിയ ആദ്യ പതിപ്പിൽ രൂപകൽപ്പനയ്ക്കായി വാങ്ങിയ നിർമ്മാണ സാമഗ്രിയിലാണ് റെയിൽവേയ്ക്ക് കോടികളുടെ നഷ്ടം ഉണ്ടായത്. 2019 ൽ ഇന്റഗ്രൽ റെയിൽവേ കോച്ച് ഫാക്ടറിയിൽ നിന്നും 55 കോടി രൂപയുടെ സാധനസാമഗ്രികളാണ് വാങ്ങിയത്.
പക്ഷെ 2021ൽ വന്ദേ ഭാരതത്തിന്റ രൂപകൽപ്പന നിശ്ചയിച്ചപ്പോൾ പഴയ സാധനസാമഗ്രികൾ ഇവയ്ക്ക് യോജിക്കാത്തതായി കണ്ടത്തി. 2022ൽ തന്നെ സിഎജി കണ്ടെത്തിയ കണക്കുകൾ മോദി സർക്കാർ പൂഴ്ത്തി വച്ചതായാണ് വിമശനം ഉയരുന്നത്. 2017ൽ ഫെബ്രുവരിയിൽ മോദി സർക്കാർ 24 കോച്ചുകൾക്കാണ് ആദ്യം അംഗീകാരം നൽകിയത്.
കേന്ദ്ര സർക്കാർ അനുവദിച്ച 64 കോടി രൂപയിൽ 46 കോടിയും ബോഗികളുടെ രൂപകൽപ്പനയ്ക്കായിരുന്നു. ഡിസൈനിൽ മാറ്റം വന്നോടെ നിർമ്മാണം നിർത്തിവയ്ക്കുകയും സാധനസാമഗ്രികൾ ഉപയോഗശൂന്യമാക്കുകയും ചെയ്തു. രൂപകൽപ്പനയിൽ എന്തുകൊണ്ടാണ് മാറ്റം വരുത്തിയെന്ന് റെയിൽവേ മന്ത്രാലയം ഇതുവരെയും വിശദീകരണം നൽകിയിട്ടുമില്ല. കൃത്യമായ ആസൂത്രണത്തിന്റെ പിഴവുമൂലമുണ്ടായ കുറ്റങ്ങൾ മറച്ചുവയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.