കേന്ദ്രം സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

single-img
19 July 2024

കേന്ദ്രസർക്കാർ കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന് നൽകാനുള്ള മുഴുവൻ തുകയും നൽകണമെന്നും പലതവണ ആവശ്യപ്പെട്ട എയിംസ് ഇത്തവണയെങ്കിലും കേന്ദ്ര ബജറ്റിൽ പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തോട് ചിറ്റമ്മ സമീപനം കാണിക്കുന്ന കേന്ദ്രസർക്കാർ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും മന്ത്രി വിമർശനം ഉന്നയിച്ചു . മുൻപ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ പ്രീ ബജറ്റ് ചർച്ചകൾ നടത്തിയപ്പോൾ തന്നെ കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചിരുന്നു.

ഇതിനു പുറമെ കേന്ദ്ര ധനമന്ത്രിയെ നേരിട്ട് കണ്ടും അടിയന്തരമായി ആവശ്യപ്പെട്ട കാര്യങ്ങൾ അറിയിച്ചതാണ്. എന്നിട്ടുപോലും കേരളത്തിന് നൽകേണ്ട അർഹമായ തുക പോലും കേന്ദ്രം ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല, കേന്ദ്ര സർക്കാരിന്റെ ഇത്തരം നയങ്ങളും നടപടികളും കേരളത്തിന് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ തടസ്സമാവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .