വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണം; നിയമസഭയിൽ പ്രമേയം ഏകകണ്ഠമായി പാസ്സാക്കി
ഉരുള്‍പൊട്ടല്‍ ദുരന്തം നാശം വിതച്ച വയനാടിന് കേന്ദ്രസർക്കാർ അടിയന്തരമായി സഹായം നല്‍കണമെന്ന് വ്യക്തമാക്കി നിയമസഭ. ഇതുസംബന്ധിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി പാസ്സാക്കി. മൂന്നു കാര്യങ്ങളാണ് പ്രധാനമായും പ്രമേയത്തിലുള്ളത്.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം അടിയന്തരമായി നല്‍കണം. ഇത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമാണ്. ഈ മേഖലയിലെ ആളുകള്‍ എടുത്തിട്ടുള്ള വായ്പകള്‍ എഴുതിത്തള്ളണം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതിദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, കേന്ദ്രസഹായം വൈകുന്നതില്‍ ഭരണപ്രതിപക്ഷം ഒരുപോലെ വിമര്‍ശിച്ചു. ചില സംസ്ഥാനങ്ങളില്‍ മെമ്മോറാണ്ടം നല്‍കുന്നതിനു മുമ്പേ അങ്ങോട്ട് കേന്ദ്രം സഹായം നല്‍കുന്നതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാൽ സര്‍ക്കാര്‍ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കിയിട്ടില്ലെന്നും, കേന്ദ്രം സഹായം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.