എൽഡിഎഫ് ഭരിക്കുന്നു എന്നതുകൊണ്ടു മാത്രം സംസ്ഥാനത്തിന്റെ വികസനം കേന്ദ്രസർക്കാരും ബിജെപിയും തടസ്സപ്പെടുത്തുന്നു: മുഖ്യമന്ത്രി


എൽഡിഎഫ് ഭരിക്കുന്നു എന്നതുകൊണ്ടു മാത്രം സംസ്ഥാനത്തിന്റെ വികസനം കേന്ദ്രസർക്കാരും ബിജെപിയും തടസ്സപ്പെടുത്തുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്‌ട്രീയ ലക്ഷ്യംവച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. നമ്മുടെ പുതു തലമുറയുടെ ഭാവിയാണ് ഇങ്ങനെ തകരുന്നത്. എന്നാൽ കോൺഗ്രസ് ഇതിനെ എതിർക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
രാജ്യത്തെ പാർലമെന്റിൽ നിർണായക ബില്ലുകൾ അവതരിപ്പിക്കുമ്പോൾ കോൺഗ്രസ് എംപിമാരെ ആരെയും കാണുന്നില്ല. ബിൽ ചർച്ചയ്‌ക്ക് വരുമെന്ന് മുൻകൂട്ടി അറിവുള്ളപ്പോഴും അവർ പങ്കെടുക്കുന്നില്ല. സംഘപരിവാർ അജൻഡയ്ക്ക് അനുസരിച്ച് വിദ്യാഭ്യാസ മേഖല കാവിവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയ വിഷം കുത്തിക്കയറ്റി പുതുതലമുറയുടെ ചിന്ത തിരിക്കാനാണ് നീക്കം. കേരളത്തിൽ പല വേഷത്തിലും രൂപത്തിലും ഭാവത്തിലും ഇത് അരങ്ങേറി. മതനിരപേക്ഷ ചിന്താഗതിക്കാർ അതിനെ എതിർത്തുനിന്നു. വർഗീയതക്കെതിരെ വീട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് സ്വീകരിക്കേണ്ടത്. എതിർക്കേണ്ടതിനെ എതിർക്കണം. നിർഭാഗ്യവശാൽ കോൺഗ്രസ് ഇതിൽ രാജ്യതാൽപ്പര്യം മുൻനിർത്തി സമീപനമെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആർഎസ്‌എസ് ശാഖയ്‌ക്ക് സംരക്ഷണം കൊടുത്തെന്ന് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ തന്നെ പറഞ്ഞു. ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് കൂട്ടത്തോടെ പോകുന്ന ഘട്ടത്തിലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.