നല്‍കിയ കണക്കെല്ലാം തെറ്റ്; കേരളം വരവിനേക്കാള്‍ ചെലവുള്ള സംസ്ഥാനമെന്ന് കോടതിയില്‍ കേന്ദ്രസർക്കാർ

single-img
21 March 2024

സംസ്ഥാനത്തിന് അവകാശപ്പെട്ട കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ കണക്കുകള്‍ എല്ലാം തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. വരവിനേക്കാള്‍ ചെലവുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

അതേപോലെ തന്നെ സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ സിഐജി റിപ്പോര്‍ട്ടിനെ കേരളം ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. ധനകാര്യ കമ്മിഷനാണ് കടമെടുപ്പ് പരിധി നിശ്ചയിച്ചതെന്നും അധികമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരും വാദിക്കുന്നു.

കേസ് പരിഗണിക്കുന്നത് കോടതി നാളെ ഉച്ചയ്ക്ക് ഒരു മണിയിലേക്ക് മാറ്റിയിട്ടുണ്ട്. കേന്ദ്രത്തിനായി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കിട്ടരാമനും കേരളത്തെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ഹാജരായി. ഏതെങ്കിലും വിധത്തിലുള്ള ആനുകൂല്യമല്ല സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് എന്നതാണ് കേരളം പ്രധാനമായും മുന്നോട്ടുവയ്ക്കുന്ന വാദം.

കേരളത്തിന്റെ അവകാശം മാത്രമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ ന്യായമായ അവകാശത്തിന് കേന്ദ്രം പരിധി വെട്ടിക്കുറച്ചതോടെയാണ് അതിനെതിരെ ശബ്ദമുയര്‍ത്തുന്നതെന്ന് കേരളം വാദിക്കുന്നു. അധികമായി ഒന്നും ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ധനകാര്യ കമ്മിഷന്‍ തീരുമാനത്തെ തടയാന്‍ കേന്ദ്രത്തിനാകില്ലെന്നും കേരളം സുപ്രിംകോടതിയില്‍ വാദിച്ചു.