അമിത ജോലിഭാരം: അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്രസർക്കാർ

single-img
19 September 2024

അമിത ജോലിഭാരം താങ്ങാന്‍ വയ്യാതെ പൂനെയില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ കമ്പനി ഇവൈയ്‌ക്കെതിരെ അന്വേഷണം തുടങ്ങിയതായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ. പരാതിയുമായി വന്ന യുവതിയുടെ അമ്മയ്ക്ക് ഈ കാര്യത്തിൽ കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.

പൂനെയിൽ പ്രവർത്തിക്കുന്ന ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ (ഇവൈ) എന്ന കമ്പനിയിലെ ജീവനക്കാരി ആയിരുന്ന അന്ന സെബാസ്റ്റ്യനാണ് (26) മരിച്ചത്. ഹൃദയാഘാതത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്നയുടെ മരണത്തിന് ശേഷം അമ്മ അനിത അഗസ്റ്റിന്‍ നടത്തിയ വെളിപ്പെടുത്തലാണ് കേന്ദ്ര അന്വേഷണത്തിലെത്തി നില്‍ക്കുന്നത്.

മകള്‍ ജോലി ചെയ്തിരുന്ന സമയം കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആന്റ് യങ് ഇന്ത്യയുടെ ചെയര്‍മാന് അനിത അയച്ച തുറന്നകത്ത് വളരെ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് സംഭവം അന്വേഷിക്കുമെന്ന കാര്യം കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചത്.

സുരക്ഷിതമല്ലാത്തതും ചൂഷണങ്ങള്‍ നടക്കുന്നതുമായ തൊഴില്‍ അന്തരീക്ഷമാണ് കമ്പനിയിലുള്ളതെന്ന ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്രമന്ത്രി ശോഭ കരന്തലജെ എക്‌സില്‍ കുറിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് പൂനെയിലെ കമ്പനിയില്‍ അന്ന ജോലിക്ക് കയറിയത്. ജൂലൈയിലായിരുന്നു മരണം. ഇതിന് ശേഷം കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ സമീപനം നിരാശാജനകമാണെന്ന് യുവതിയുടെ അമ്മ പറയുന്നു.