ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
ദില്ലി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കേന്ദ്ര ഏജൻസിയായ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി.
അധികാരത്തിലുള്ള മുഖ്യമന്ത്രി ജയിലിലാകുന്നത് സംസ്ഥാനത്തിന് ഭരണഘടന പ്രതിസന്ധിയാകുമെന്നാണ് നിയമോപദേശം. അതേസമയം ഇഡി കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ ബിജെപി ലഫ്റ്റനൻ്റ് ഗവർണർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
ലഫ്റ്റനൻ്റ് ഗവർണർ ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആശയ വിനിമയം നടത്തി. നിയമ വിദഗ്ധരുടെ അടക്കം അഭിപ്രായം ഉൾപ്പെടുത്തി ലഫ്റ്റനൻ്റ് ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. ഗവർണറുടെ റിപ്പോർട്ട് കണക്കിലെടുത്ത് ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കും. അതേസമയം, കസ്റ്റഡി കാലാവധി തീരുന്നതിനാൽ കെജ്‍രിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയില്‍ ഹാജരാക്കും.