ഗ്രന്ഥശാലകളെ കൈപ്പിടിയിൽ ഒതുക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു ; വർഗീയത കടത്തിവിടുകയാണ് സംഘപരിവാർ ലക്ഷ്യം: മുഖ്യമന്ത്രി
വധിക്കപ്പെട്ടു എന്ന ഭാഗം പോലും രാജ്യത്തു പാഠപുസ്തകങ്ങളിൽ നിന്ന് വിലക്കപ്പെടുന്ന കാലമാണ് ഇത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖമാസികയായ ഗ്രന്ഥാലോകത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗ്രന്ഥാലോകത്തിലെ ആദ്യ പതിപ്പിൽ ഗാന്ധി വധത്തിൻ്റെ വാർത്തയുമായാണ് പുറത്തിറങ്ങിയത്. അതിനാൽ തന്നെ അത്രയും പ്രസക്തമാണ് ഗ്രന്ഥാലോകം. വായന എന്നത് മരിക്കുകയാണെന്ന് ആശങ്ക പല കോണുകളിൽ നിന്ന് ഉയരുന്നു. എന്നാൽ, വായന മരിക്കുകയാണോ മാറുകയാണ് എന്നതാണ് വിഷയം.
പഴയ വലിയ പുസ്തകങ്ങളിൽ നിന്ന് ഇ-റീഡിങ്ങിലേക്ക് തലമുറ മാറി. അതിനാൽ തന്നെ വായന മരിക്കുകയല്ല മാറുകയാണ്. വർഗീയതയെ കടത്തി വിടാനുള്ള നീക്കങ്ങൾ ശക്തമായി ഉണ്ടാകുന്നു . ഗ്രന്ഥശാലകളെ കൈപ്പിടിയിൽ ഒതുക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്നും ഗ്രന്ഥശാലകൾ വഴി വർഗീയത കടത്തിവിടുകയാണ് സംഘപരിവാർ ലക്ഷ്യം എന്നും ഇതിനെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.