തൊഴിലുറപ്പ് പദ്ധതി തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു: എ വിജയരാഘവൻ
തൊഴിലുറപ്പ് പദ്ധതി തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ് എന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ . യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ സമ്മർദ്ദഫലമായാണ് തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. അത് അട്ടിമറിക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയിൽ വർഷത്തിൽ നൂറുദിവസം തൊഴിൽ നൽകുമെന്നായിരുന്നു വ്യവസ്ഥ. അത് ഗ്രാമീണ മേഖലകളിൽ ലക്ഷക്കണക്കിന് പാവങ്ങൾക്ക് ആശ്വാസമായിരുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തും മുമ്പ് നൽകിയ വാഗ്‌ദാനങ്ങൾ ഒന്നും നടപ്പാക്കുന്നില്ല.
സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ച പ്രകാരം കാർഷിക ഉൽപ്പന്നങ്ങൾക്ക് വില നൽകിയില്ല. വിളകൾക്ക് സംരക്ഷണമില്ല. കൃഷിചെയ്യാൻ സഹായവുമില്ല. കർഷക ഇൻഷുറൻസ് പദ്ധതിയും കൃത്യമായി നടപ്പാക്കിയില്ല. 12 സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കു മാത്രമാണ് നേട്ടമുണ്ടായതെന്നും വിജയരാഘവൻ ആരോപിച്ചു.
വൻകിട കോർപറേറ്റുകൾക്ക് കൃഷിയിടം തീറെഴുതി. വിലക്കയറ്റവും തൊഴിലില്ലായ്‌മയും മുമ്പെങ്ങുമില്ലാത്തവിധം കുതിക്കുകയാണ്. കേരളത്തിൽ ഇഎംഎസ് സർക്കാർ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമം സംസ്ഥാനത്തിന്റെ കുതിപ്പിന് വഴിയൊരുക്കി. മറ്റു സംസ്ഥാനങ്ങളിൽ ഭൂപ്രശ്‌നങ്ങൾ ഏറെയാണ്. ഇത് പരിഹരിക്കാൻ മോദി തയ്യാറാവുന്നില്ല. മോദി സർക്കാരിന്റെ തീവ്ര വർഗീയ–കോർപറേറ്റ് നയങ്ങൾക്കെതിരെ കർഷകരും കർഷകത്തൊഴിലാളികളും യോജിച്ചുള്ള മഹാപ്രക്ഷോഭത്തിന് തയ്യാറെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.