കരിപ്പൂർ വിമാനത്താവളത്തിൽ സുരക്ഷിത മേഖല നിർമിക്കാൻ കേന്ദ്രസർക്കാർ


കേരളത്തിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റണ്‍വേയ്ക്ക് ആവശ്യമായ സുരക്ഷിത മേഖല (റിസ) നിർമ്മിക്കുന്നതിൽ കേരളം ഇതുവരെ മറുപടി അറിയിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ റൺവേയുടെ നീളം കുറക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് വ്യോമയാന മന്ത്രാലയം പാർലമെന്റിൽ അറിയിച്ചു.
വിമാന യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത് ചെയ്യുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. റൺവെ സ്ട്രിപ്പിന്റെ അവസാന ഭാഗത്ത് സുരക്ഷിത മേഖല നിർമിക്കാൻ ആണ് റൺവേയുടെ നിളം കുറയ്ക്കുന്നതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അബ്ദുസമദ് സമദാനി എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കോഴിക്കോട് വിമാനത്താവളത്തിലെ പ്രശ്നം പരിഹരിച്ചതാണെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. റൺവെ വെട്ടിക്കുറക്കാതെ റൺവേ എൻഡ് സേഫ്റ്റി ഏരിയ നിർമ്മിക്കാമെന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു. ഒരു മാസം മുൻപ് എഴുതിനൽകിയ ചോദ്യത്തിന് ഇപ്പോൾ വന്ന മറുപടിയിൽ ഇത് ഉൾപ്പെടാതെ പോയതാണെന്നും സമദാനി ചൂണ്ടിക്കാട്ടി.