രാജ്യത്ത് മൂന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാൻ കേന്ദ്ര സര്‍ക്കാര്‍; 990 കോടി അനുവദിക്കും
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മൂന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനുവേണ്ടി 990 കോടി രൂപ കേന്ദ്രം അനുവദിക്കും. കൃഷി, സുസ്ഥിര നഗരം, ആരോഗ്യം എന്നീ മേഖലകളിലെ വികസനം ലക്ഷ്യം വച്ചാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്.
2027-28 സാമ്പത്തിക വര്‍ഷത്തോടെ പദ്ധതിക്കാവശ്യമായ പണം അനുവദിക്കും.
എ ഐ കേന്ദ്രങ്ങള്‍ വരുന്നതോടെ കൃഷി, സുസ്ഥിര നഗരം, ആരോഗ്യം എന്നീ മേഖലകളെക്കുറിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി പഠിച്ച് ഈ മേഖലകളില്‍ വികസനം കൈവരിക്കാനാകും എന്നാണ് കരുതുന്നത്. പ്രസ്തുത കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് താല്‍പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അപേക്ഷിക്കണം.
ഇതിലേക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഐഐടി ഹൈദരാബാദും ഓസ്മാനിയ യൂണിവേഴ്സിറ്റിയും കേന്ദ്രം ആരംഭിക്കാനുള്ള അനുമതിക്കായി മുന്നോട്ട് വരുമെന്നാണ് വിവരം.