രാജ്പഥിന്റെയും സെന്‍ട്രല്‍ വിസ്തയുടെയും പേര് മാറ്റി കേന്ദ്രസർക്കാർ; പുതിയ പേര് ‘കര്‍ത്തവ്യപഥ്’
രാജ്പഥിന്റെയും സെന്‍ട്രല്‍ വിസ്തയുടെയും പേര് മാറ്റി കേന്ദ്രസർക്കാർ. കര്‍ത്തവ്യപഥ് എന്നായിരിക്കും പുതിയ പേരെന്ന് തീരുമാനമെടുത്തതായി കേന്ദ്രം അറിയിച്ചു. രാജ്യ തലസ്ഥാനത്തെ റെയ്സിന ഹില്ലിലെ രാഷ്ട്രപതി ഭവനില്‍ നിന്ന് വിജയ് ചൗക്ക്, ഇന്ത്യ ഗേറ്റ് വഴി ഡല്‍ഹിയിലെ നാഷണല്‍ സ്റ്റേഡിയം വരെയുളള പാതയാണിത്.
ബ്രിട്ടീഷ് ഭരണകാലത്തെ കോളനിയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ രാജ്യത്ത് നിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം എന്നാണ് വിശദീകരണം. ഇരുസ്ഥലങ്ങളുടെയും പേര് കര്‍ത്തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ എന്‍ഡിഎംസി (ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍) സെപ്തംബര്‍ 7 ന് ഒരു പ്രത്യേക യോഗം വിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഈ സ്വാതന്ത്ര്യ ദിനത്തില്‍, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, കൊളോണിയല്‍ ചിന്താഗതിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും അടയാളങ്ങളും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.