കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചക്ക് പ്രധാന കാരണം കേന്ദ്ര നയങ്ങൾ; കൃഷി മന്ത്രി പി പ്രസാദ്
തിരുവനന്തപുരം:കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചക്ക് പ്രധാന കാരണം കേന്ദ്ര നയങ്ങളും, പിന്നെ കാലാവസ്ഥയുമാണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.
കര്‍ഷക സൗഹൃദ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട് റബ്ബറിന്‍റെ താങ്ങുവില കൂടി.മിനിമം താങ്ങുവില ഉയര്‍ത്തുന്നതില്‍ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് മൂലം കര്‍ഷകരനുഭവിക്കുന്ന അതീവ ഗുരുതരമായ സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു കൃഷിമന്ത്രി.
എന്ത് കാര്‍ഷിക പ്രശ്നം പറഞ്ഞാലും കേന്ദ്രത്തിലേക്ക് പോകാമെന്നാണ് കൃഷിമന്ത്രി പറയുന്നതെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ മോന്‍സ് ജോസഫ് പറഞ്ഞു. ഇവിടെ എന്ത് ചെയ്തു എന്ന് കൃഷിമന്ത്രി പറയുന്നില്ല. കേന്ദ്രം കര്‍ഷകരെ വഞ്ചിച്ചാല്‍ ഒപ്പം കൂടാമെന്നാണോ സംസ്ഥാനം കരുതുന്നത്? ആളെ പറഞ്ഞു പറ്റിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍.റബറിന്‍റെ വിലസ്ഥിരതാ ഫണ്ട് കാര്യത്തില്‍ വോട്ട് നോക്കി പ്രഖ്യാപനം മാത്രമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നത് തെറ്റെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.1788 കോടി റബര്‍ കര്‍ഷകര്‍ക്ക് നല്‍കിയത് കണ്ടില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
റബ്ബറിന്‍റേതടക്കം ഇറക്കുമതി കൂടുന്ന സാഹചര്യത്തില്‍, കൃഷിയില്‍ നിന്ന് ആളുകള്‍ പിന്‍മാറുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.കേന്ദ്രത്തിന് വിവേചനമുണ്ട്, അത് മറികടന്ന് കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നാളികേര സംഭരണം കാര്യക്ഷമമാണെങ്കില്‍ അത് നെഞ്ചില്‍ കൈവച്ച് സര്‍ക്കാര്‍ പറയണം. കഷ്ടകാലത്തിലൂടെ കര്‍ഷകര്‍ കടന്ന് പോകുമ്ബോള്‍ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ എങ്കിലും സര്‍ക്കാര്‍ തയ്യാറാകണം. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അടച്ചു പൂട്ടി.150 കോടി ഇനിയും അനുവദിച്ച് നല്കാനുണ്ട്. 1 ലക്ഷം അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടില്ല. കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി