കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുന്ന കേന്ദ്ര നയം തമിഴ്നാട്ടിലും നടപ്പാക്കിത്തുടങ്ങി: എംകെ സ്റ്റാലിൻ

single-img
1 June 2023

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തുള്ള പാർട്ടികളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാരിന്‍റെ നയം തമിഴ്നാട്ടിലും നടപ്പാക്കിത്തുടങ്ങിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ആദായ നികുതി വകുപ്പിനേയും സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് പ്രതികാരം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും മറ്റ് സംസ്ഥാനങ്ങളിലേപ്പോലെ തമിഴ്നാട്ടിലും തുടങ്ങി.

മുഖ്യമന്ത്രി സ്റ്റാലിൻ വിദേശപര്യടനത്തിന് തിരിച്ചതിന് പിന്നാലെ തമിഴ്നാട് വൈദ്യുതി മന്ത്രി വി.സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇഡി വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്തുസംഭവിച്ചാലും കേന്ദ്രസർക്കാരിന് എതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിൽ ഡിഎംകെ മുൻനിരയിൽ ഉണ്ടാകും.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തുമെന്നും സ്റ്റാലിൻ ഇന്ന് മാധ്യമങ്ങളെ അറിയിച്ചു