ആഗോള പട്ടിണി സൂചിക തെറ്റ്; വിമർശനവുമായി കേന്ദ്ര സർക്കാർ

single-img
15 October 2022

ആഗോള പട്ടിണി സൂചിക 2022 റിപ്പോർട്ടിലെ കണ്ടെത്തലുകളെ തള്ളി കേന്ദ്ര സർക്കാർ. 121 രാജ്യങ്ങളിൽ ഇന്ത്യയെ 107-ാം റാങ്ക് ചെയ്ത റിപ്പോർട്ടാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം തള്ളിക്കളഞ്ഞത്. ദേശീയ തലങ്ങളിൽ പട്ടിണി സമഗ്രമായി അളക്കുന്നതിനും ട്രാക്കുചെയ്യുന്നതിനുമുള്ള ഒരു ഉപകരണമാണ് ഗ്ലോബൽ ഹംഗർ ഇൻഡക്സ്.

ഈ സൂചിക വിശപ്പിന്റെ തെറ്റായ അളവുകോലാണെന്നും ഗുരുതരമായ അബദ്ധങ്ങൾ നിറഞ്ഞതാണ് എന്നും വനിതാ ശിശു വികസന വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. സൂചിക കണക്കാക്കാൻ ഉപയോഗിക്കുന്ന നാല് സൂചകങ്ങളിൽ മൂന്നെണ്ണം കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. മാത്രമല്ല ഈ റിപ്പോർട്ട് മുഴുവൻ ജനസംഖ്യയുടെയും പ്രതിനിധീകരിക്കുന്നില്ല. പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ നാലാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ സൂചക കണക്ക് 3000 എന്ന വളരെ ചെറിയ സാമ്പിൾ വലുപ്പത്തിൽ മാത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നും പ്രസ്താവനയിൽ പറഞ്ഞു.

ഭക്ഷ്യ സുരക്ഷയും ജനസംഖ്യയുടെ പോഷക ആവശ്യകതകളും നിറവേറ്റാത്ത ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള സ്ഥിരമായ ശ്രമത്തിന്റെ ഭാഗം ആണ് ഈ റിപ്പോർട്ട് എന്നും കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് കുറ്റപ്പെടുത്തുന്നു.