എത്ര കിട്ടിയാലും മതിയാവാത്തവരുണ്ട് എന്നത് നാടൻ പ്രയോഗം; കാസർകോട് കാർക്ക് അറിയാവുന്നത്: സിഎച് കുഞ്ഞമ്പു എംഎൽഎ

single-img
18 October 2022

24 ന്യൂസിന്റെ ചാനലിൽ സംസാരിക്കവേ താൻ പറഞ്ഞ ഒരു പരാമർശം തെറ്റായി വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായം നൽകേണ്ട എന്നോ നൽകിയത് അധികമായിപ്പോയി എന്നോ ഉദ്ദേശിച്ചിട്ടില്ല എന്നും സിഎച് കുഞ്ഞമ്പു എംഎൽഎ.

എൻഡോസൾഫാൻ ഇരകൾക്ക് സർക്കാർ 5ലക്ഷം വീതം ധനസഹായം നൽകി ദിവസങ്ങൾ ആവുന്നതേയുള്ളൂ. ആ കാര്യം ചാനലിൽ പ്രതിപാദിക്കവേ അവതാരിക അതിനെതിരായി സംസാരിച്ചപ്പോഴാണ് എത്ര കിട്ടിയാലും മതിയാവാത്തവരുണ്ട് എന്ന് കോമൺ ആയി പറഞ്ഞത്. അത് നാടൻ പ്രയോഗമാണ് എന്നത് കാസർകോട്കാർക്ക് അറിയാവുന്നതാണല്ലോയെന്നും ഫേസ്ബുക്കിൽ എഴുതിയ വിശദീകരണത്തിൽ അദ്ദേഹം ചോദിക്കുന്നു.

എന്നാൽ ആ പ്രയോഗം തീർത്തും എൻഡോസൾഫാൻ ബാധിതരെ ഉദ്ദേശിച്ചായിരുന്നില്ല. മാത്രമല്ല എൻഡോസൾഫാൻ എന്ന മാരക വിഷത്തിന്റെ ദൂഷ്യഫലം അനുഭവിക്കുന്ന ജനങ്ങൾക്ക് എത്ര സാമ്പത്തിക സഹായം നൽകിയാലും, മറ്റ് എന്ത് സഹായം നൽകിയാലും അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും പകരമാവില്ല. അവർക്ക് പരമാവധി സഹായം നൽകണമെന്ന് തന്നെയാണ് തന്റെയും നിലപാതെന്നും .2006 മുതൽ നിയമസഭക്ക് അകത്തും പുറത്തും എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പരമാവധി പ്രവർത്തിച്ചിട്ടുണ്ട്. ഇനിയുള്ള കാലവും അവർക്ക് വേണ്ടി ആത്മാർത്ഥമായി തന്നെ പരിശ്രമിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .

ദുരിതബാധിതരുടെ കടം എഴുതി തള്ളിയതും അവർക്ക് പെൻഷൻ അനുവദിച്ചതും ചികിത്സ നൽകാൻ ആവശ്യമായ സംവിധാനം ഒരുക്കിയതും എൽഡിഎഫ് ഗവൺമെന്റുകളാണ്. എന്നാൽ ഇടക്കാലത്ത് വന്ന യുഡിഎഫ് ഗവൺമെൻറ് ഇവർക്കുവേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല. ഈ വസ്തുത ടിവി ചാനൽ ചർച്ചയിൽ ഫോണിലൂടെ ചൂണ്ടിക്കാണിക്കുകയായിരുന്നു. അതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില ഭാഗത്തുനിന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകുന്നത്. എൻഡോൾഫാൻ ഇരകളോടൊപ്പം എന്നും ഉണ്ടാവുമെന്നും ഈ തെറ്റായ പ്രചരണം തള്ളി കളയണമെന്നും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.