മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ കടൽതീരത്ത് കഴിഞ്ഞ ദിവസങ്ങളിൽ വന്നടിഞ്ഞത് കോടികളുടെ മയക്കുമരുന്ന്
രത്നഗിരി(മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ കടൽതീരത്ത് കഴിഞ്ഞ ദിവസങ്ങളിൽ വന്നടിഞ്ഞത് കോടികളുടെ മയക്കുമരുന്ന്. ഓഗസ്റ്റ് 14 മുതൽ 17 വരെയുള്ള ദിവസങ്ങളിലാണ് 250 കോടി രൂപയുടെ വിലവരുന്ന മയക്കുമരുന്നായ ഹഷീഷാണ് തീരങ്ങളിൽ അടിഞ്ഞത്. കാർദെ, ലാഡ്ഘർ, കേൽഷി, കൊൽത്താറെ, മുരുഡ്, ബുറോണ്ടി, ദാബ്ഹോൽ, ബോരിയ ബീച്ചുകളിലാണ് മയക്കുമരുന്ന് അടിഞ്ഞത്. മയക്കുമരുന്ന് കടത്തുന്ന അഫ്ഗാൻ സംഘങ്ങളോ പാക് സംഘങ്ങളോ കപ്പലിൽ നിന്ന് വലിച്ചെറിഞ്ഞതോ അല്ലെങ്കിൽ ഉപേക്ഷിച്ചതോ ആയിരിക്കാമെന്നാണ് കസ്റ്റംസിന്റെ നിഗമനം.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കസ്റ്റംസ് നടത്തിയ പട്രോളിങ്ങിനിടെയാണ് 12 കിലോയോളം വരുന്ന പത്ത് ബാഗുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കർദെ ബീച്ചിൽ കണ്ടെത്തിയത്. പരിശോധവയിൽ ഹാഷിഷ് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മറ്റ് ബീച്ചുകളിൽ നിന്നും വ്യാപകമായി മയക്കുമരുന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 15ന് കർദെ, ലഡ്ഗർ ബീച്ചുകൾക്കിടയിൽ നിന്ന് 35 കിലോ ഹാഷിഷ് കണ്ടെത്തി. ഓഗസ്റ്റ് 16ന് കെൽഷി ബീച്ചിൽ നിന്ന് 25 കിലോയും കോൽത്താരെ ബീച്ചിൽ നിന്ന് 13 കിലോയും കണ്ടെടുത്തു. ഓഗസ്റ്റ് 17 ന് മുരുദിൽ നിന്ന് 14 കിലോയും ബുറോണ്ടിക്കും ദാബോൽ ക്രീക്കിനും ഇടയിൽ 101 കിലോയും ബോറിയയിൽ നിന്ന് 22 കിലോയും കണ്ടെത്തി. പിന്നീട് കോൽത്താരെ ബീച്ചിലെ പാറ നിറഞ്ഞ പ്രദേശത്തുനിന്നും കണ്ടെത്തിയെന്ന് ദാപോളി കസ്റ്റംസ് ഡിവിഷൻ അസിയ കമ്മീഷണർ സ്ഥിരീകരിച്ചു. ഓപ്പറേഷൻ പുരോഗമിക്കുകയാണ്.
സംശാസ്പദമായ രീതിയിൽ ബാഗുകൾ കണ്ടെത്തിയാൽ ഞങ്ങളെ ബന്ധപ്പെടാൻ പ്രദേശവാസികളോട് പറഞ്ഞിട്ടുണ്ട്. മയക്കുമരുന്ന് വസ്തുക്കൾ അനധികൃതമായി കൈവശം വെച്ചാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും കസ്റ്റംസ് ഓഫിസർ ശ്രീകാന്ത് കുഡാൽക്കർ പറഞ്ഞു. 2022-ൽ ഗുജറാത്തിലെ പോർബന്തർ, ജുനഗഡ് ജില്ലകളിലെ തീരത്തും ഹഷീഷ് വന്നടിഞ്ഞിരുന്നു. 2019 ൽ ഗുജറാത്തിലെ കച്ച് ജില്ലയിലെ ക്രീക്ക് ഏരിയയിൽ നിന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സും മയക്കുമരുന്ന് പിടിച്ചെടുത്തു. കടൽ വഴി മയക്കുമരുന്ന് കടത്തുന്ന പാകിസ്ഥാൻ അധോലോക സംഘങ്ങളും അഫ്ഗാൻ സംഘങ്ങളും ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ കടലിലേക്ക് എറിഞ്ഞതാകാം മയക്കുമരുന്നെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്.