ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചു; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് ചാണ്ടി ഉമ്മൻ
5 September 2023
ഇന്ന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ഗുണ്ടകൾ തന്നെ ആക്രമിക്കാൻ ശ്രമിചെന്നും പോളിങ്ങിൽ ഉദ്യോഗസ്ഥർ സഹകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ധാരാളം പേർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.
വോട്ടിങ് യന്ത്രം വേഗത കുറഞ്ഞതിനാൽ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും അവർക്ക് സമയം നീട്ടി നൽകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വോട്ടിങ് യന്ത്രം സ്ലോ ആണെന്നാണ് അധികൃതർ നൽകുന്ന മറുപടി. എന്താണു കാരണമെന്നു ചോദിച്ചാൽ അതിന് ഉത്തരമില്ല.
ഇത്തരത്തിൽ 31 ബൂത്തുകളില്‍ പ്രശ്നമുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇന്ന് രാവിലെ മുതൽ റിട്ടേണിങ് ഓഫീസറോട് പറഞ്ഞിരുന്നു. പക്ഷെ നടപടിയുണ്ടായില്ല. വോട്ടു ചെയ്യുക എന്നുള്ളത് എല്ലാവരുടേയും അവകാശമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.