മഴ മുന്നറിയിപ്പില്‍ മാറ്റം
മഴ മുന്നറിയിപ്പില്‍ മാറ്റം. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിൻവലിച്ചു. എന്നാല്‍ തീവ്രമഴയ്ക്കുള്ള സാധ്യത മാത്രം കണക്കിലെടുത്ത് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടില്‍ ശക്തമായ മഴയ്ക്ക് നല്‍കുന്ന മുന്നറിയിപ്പായ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ മധ്യ-വടക്കന്‍ ജില്ലകളില്‍ വ്യാപകമായ മഴ സാധ്യതയുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യത ഉണ്ട്.
ചക്രവാത ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത 24 മണിക്കൂറിനുളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതിന്റെ സ്വാധീനത്താല്‍ 48 മണിക്കൂറിനുള്ളില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.