രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹത്തിനു കേസ് എടുക്കണം: ഗിരിരാജ് സിംഗ്


ഈ മാസമാദ്യം ബ്രിട്ടൻ സന്ദർശിച്ചപ്പോൾ പാർലമെന്റിനെയും ഇന്ത്യയുടെ ജനാധിപത്യത്തെയും അപമാനിച്ച രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെയും ലണ്ടനിലെ പരിപാടികളിലെയും അഭിപ്രായപ്രകടനങ്ങളിൽ രാഹുൽ ഗാന്ധി സഭയോട് പരസ്യമായി മാപ്പ് പറയണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആവശ്യപ്പെട്ടു.
ഈ സഭയിലെ അംഗമായ രാഹുൽ ഗാന്ധി ലണ്ടനിൽ ഇന്ത്യയെ അപമാനിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനകളെ എല്ലാ അംഗങ്ങളും അപലപിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു- അദ്ദേഹത്തോട് മാപ്പ് പറയണം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
യുകെയിൽ, പ്രശസ്തമായ കേംബ്രിഡ്ജ് സർവകലാശാലയിൽ ഗാന്ധി സംസാരിക്കുകയും ലണ്ടനിലെ വിവിധ പരിപാടികളിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു. അതിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയും, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അതിർത്തി തർക്കം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ വിമർശിക്കുകയും ചെയ്തിരുന്നു. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.