ഇലന്തൂർ നരബലി കേസ്; ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും

single-img
7 January 2023

ഇലന്തൂർ ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. തമിഴ്‌നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്.

ഷാഫിയെക്കൂടാതെ പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, തുടങ്ങി നിരവധിക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആപൂർവങ്ങളിൽ അപൂർ‍വമായ കേസാണെന്ന പരാമര്‍ശവും കുറ്റപത്രത്തിലുണ്ട്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി ക്കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കുമ്പോൾ അന്വേഷണസംഘത്തിന് മുൻപിൽ വെല്ലുവിളികൾ ഏറെയായിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തകേസിൽ ശാസ്ത്രിയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് നിർണായകമാവുക. കുറ്റം തെളിക്കാൻ ആവശ്യമുള്ള തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.