ബീഫ് കൈവശം വെച്ചെന്നാരോപണം; ബിഹാറിൽ മുസ്ലിം വയോധികനെ തല്ലിക്കൊന്നു; 3 പേര്‍ അറസ്റ്റില്‍
ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ബിഹാറില്‍ വയോധികനെ തല്ലിക്കൊന്നു. നസീം ഖുറേഷി എന്ന 56 കാരനാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. അന്വേഷണത്തിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ സര്‍പഞ്ച് സുശീല്‍ സിംഗ്, ഗ്രാമവാസികളായ രവി സാഹ, ഉജ്ജ്വല് ശര്‍മ്മ എന്നിവരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലപ്പെട്ടയാളില്‍ നിന്ന് ബീഫ് പിടിച്ചെടുത്തതായി പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സിവാന്‍ ജില്ലയിലെ ഹസന്‍പൂര്‍ ഗ്രാമവാസിയായിരുന്നു മരണപ്പെട്ട നസീം ഖുറേഷി. കഴിഞ്ഞ ചൊവ്വാഴ്ച നസീമും അനന്തരവന്‍ ഫിറോസ് ഖുറേഷിയും സരണ്‍ ജില്ലയിലെ ജോഗിയ ഗ്രാമത്തില്‍ തങ്ങളുടെ ബന്ധുക്കളെ കാണാന്‍ പോകുമ്പോഴായിരുന്നു സംഭവം നടന്നത്. ജോഗിയ ഗ്രാമത്തില്‍ വെച്ച് ഒരു സംഘം ആളുകള്‍ ബാഗില്‍ ബീഫ് കൊണ്ടു പോകുന്നുവെന്നാരോപിച്ച് ഇരുവരെയും തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ഇവരിൽ നിന്നും ഫിറോസ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നസീമിനെ ജനക്കൂട്ടം മര്‍ദ്ദിക്കുകയും പിന്നീട് ലോക്കല്‍ പോലീസിന് കൈമാറുകയും ചെയ്തു. സാരമായി തന്നെ പരിക്കേറ്റ ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
‘ഇരുവരെയും ഒരു പള്ളിക്ക് സമീപം നാട്ടുകാര്‍ തടയുകയും രൂക്ഷമായ തര്‍ക്കം ഉണ്ടാകുകയും ചെയ്തു. ഫിറോസ് രക്ഷപ്പെടുന്നതിനിടെ ജനക്കൂട്ടം നസീമിനെ വടികൊണ്ട് മര്‍ദ്ദിച്ചു. പിന്നീട് ജനങ്ങള്‍ തന്നെ നസീമിനെ റസൂല്‍പൂര്‍ ഗ്രാമത്തിലെ പോലീസിന് കൈമാറി. തുടര്‍ന്ന് ഇദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു,’ എസ്പി ഗൗരവ് മംഗ്ല വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകത്തിന് ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.