ചാൾസ് മൂന്നാമൻ ഇനി ബ്രിട്ടന്റെ രാജാവ്
ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു. സെന്റ് ജയിംസ് കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് സ്ഥാനാരോഹണം നടന്നത്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരും കാന്റർബറി ആർച്ച്ബിഷപ്പും അടങ്ങുന്ന അക്സഷൻ കൗൺസിൽ അംഗങ്ങൾ രാജാവായി ചാൾസ് മൂന്നാമനെ പ്രഖ്യാപിക്കുകയായിരുന്നു.
ചരിത്രത്തിൽ ആദ്യമായിട്ടാണ് സ്ഥാനാരോഹണം തൽസമയം സംപ്രേഷണം ചെയതത്. സ്ഥാനാരോഹണം നടന്നെകിലും ഔദ്യോഗിക ചടങ്ങുകൾ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. ജോർജ് ആറാമൻ രാജാവ് മരിച്ചതിനു പിന്നാലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടത്തിയെങ്കിലും പൂർണ ചടങ്ങുകളോടെ ഔദ്യോഗിക നടപടിക്രമങ്ങൾ ദുഃഖാചരണത്തിന്റെ കാലം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് നടന്നത്.
ഈ മാസം എട്ടിനായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. 96 വയസായിരുന്നു. ഏറ്റവും ദീർഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂർവനേട്ടത്തിനുടമയായിരുന്നു എലിസബത്ത്. സ്‌കോട്ട്‌ലൻഡിലെ ബെൽമോർ കൊട്ടാരത്തിലായിരുന്നു അന്ത്യം.
2015ലാണ് എലിസബത്ത് രാജ്ഞി ഏറ്റവും ദീർഘമായ കാലം ബ്രിട്ടനെ ഭരിച്ച ഭരണാധികാരിയെന്ന റെക്കോർഡിനുടമയാകുന്നത്. മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നായിരുന്നു അവർ ഈ നേട്ടം സ്വന്തമാക്കിയത്.