ചെങ്കോൽ ഭൂതകാലത്തിന്റെ ചിഹ്നം; അത് പാർലമെന്റിൽ പരമാധികാരം ഉറപ്പാക്കുന്നു: ശശി തരൂർ

single-img
28 May 2023

രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽ നിന്ന് വിഭിന്നമായ നിലപാടുമായി ശശി തരൂർ എംപി. വിവാദത്തിൽ രണ്ടുപക്ഷവും ഉയർത്തുന്നത് നല്ല വാദങ്ങളാണെന്ന് തരൂർ അഭിപ്രായപ്പെട്ടു.

ചെങ്കോൽ എന്നത് ഭൂതകാലത്തിന്റെ ചിഹ്നമാണെന്നും അത് പാർലമെന്റിൽ പരമാധികാരം ഉറപ്പാക്കുന്നു. ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോൽ വിവാദത്തിൽ ഇരുവശത്തിന്റെയും വാദങ്ങൾ നല്ലതാണ്. പവിത്രമായ പരമാധികാരവും ധർമ്മ ഭരണവും ഉൾക്കൊണ്ടു കൊണ്ടുള്ള പാരമ്പര്യത്തിന്റെ തുടർച്ചയെയാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നതെന്ന സർക്കാർ വാദം ശരിയാണ്.

രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ചത് ജനങ്ങളുടെ പേരിലാണ്. അതുകൊണ്ടുതന്നെ പരമാധികാരം ജനങ്ങൾക്കാണ്. ജനങ്ങളുടെ പ്രതിനിധികളാണ് പാർലമെന്റിൽ ഉള്ളത്. അത് ദൈവീക അവകാശത്താൽ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവിയല്ലെന്നും പ്രതിപക്ഷം ശരിയായി വാദിക്കുന്നു,ശശി തരൂർ ചൂണ്ടിക്കാട്ടി.

ജവഹർലാൽ നെഹ്‌റുവിന് മൗണ്ട് ബാറ്റൺ പ്രഭു ചെങ്കോൽ കൈമാറിയതിന് തെളിവില്ലെന്നും അദ്ദേഹം പറയുന്നു. ചെങ്കോൽ എന്നത് അധികാരത്തിന്റെ പ്രതീകമായാണ് നാം കരുതുന്നത്. അത് പാർലമെൻറിൽ വെക്കുന്നതോടെ പരമാധികാരം ഉറപ്പാക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ,
പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള തീരുമാനത്തെ കോൺഗ്രസ് വിമർശിച്ചിരുന്നു.