ഐപിഎല്ലിൽ ആദ്യ പരാജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ഈ സീസണിലെ ഐപിഎല്ലിൽ ആദ്യ തോല്‍വി വഴങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സുമായി നടന്ന മത്സരത്തിൽ 20 റണ്‍സിനായിരുന്നു ചെന്നൈയുടെ പരാജയം. മത്സര ശേഷം തോല്‍വിയുടെ കാരണം വ്യക്തമാക്കുകയാണ് ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്ക്വാദ്.
തുടക്കത്തിലേ പവര്‍പ്ലേയില്‍ രച്ചിന്‍ രവീന്ദ്രയുടെ പ്രകടനം നിര്‍ണായകമാണെന്ന് ചെന്നൈ നായകന്‍ പറഞ്ഞു. ബൗളര്‍മാർ നടത്തിയ പ്രകടനത്തില്‍ താന്‍ സന്തോഷവാനാണ്. നല്ലരീതിയിലുള്ള തുടക്കം ലഭിച്ചിട്ടും ഡല്‍ഹിക്ക് അഞ്ചിന് 191 എന്ന സ്‌കോറിലെത്താനെ സാധിച്ചുള്ളു.
കളിയിലെ ആദ്യ ഇന്നിംഗ്‌സില്‍ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായിരുന്നു. എന്നാൽ രണ്ടാം ഇന്നിംഗ്‌സില്‍ ബൗണ്‍സുകള്‍ വര്‍ദ്ധിച്ചു. ഒരു പരിധിവരെ വിജയിക്കാന്‍ കഴിയാവുന്ന മത്സരമായിരുന്നു. എന്നാല്‍ പവര്‍പ്ലേയിലെ മോശം പ്രകടനം തിരിച്ചടിയായെന്ന് ഗെയ്ക്ക്വാദ് വ്യക്തമാക്കി.
രണ്ടാമത്തിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ മൂന്ന് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് റണ്‍സ് മാത്രമാണ് നേടാൻ സാധിച്ചത് . പവര്‍പ്ലേയില്‍ ആറ് ഓവറില്‍ രണ്ടിന് 32 എന്നായിരുന്നു ചെന്നൈ സ്‌കോര്‍. അവസാന നാല് ഓവറില്‍ ചെന്നൈയ്ക്ക് വിജയിക്കാന്‍ 72 റണ്‍സ് വേണമായിരുന്നു. 51 റണ്‍സ് നേടാന്‍ ചെന്നൈക്ക് കഴിഞ്ഞെങ്കിലും വിജയത്തിന് ആവശ്യമായ ഓവറുകള്‍ ഉണ്ടായില്ല.