മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി; നെഹ്റു ട്രോഫി കാണാന്‍ അമിത് ഷാ വരുന്നില്ലെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

single-img
1 September 2022

ആലപ്പുഴയിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വരുന്നില്ലെന്ന തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി’ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.

തന്റെ ഫേസ്ബുക്കിൽ ‘ നെഹ്റു ട്രോഫി വള്ളംകളി കാണാനുള്ള ക്ഷണം നിരസിച്ച അമിത്ഷാ മുഖ്യമന്ത്രിക്ക് നല്‍കിയത് നിരാശ.ഘടകകക്ഷി ബന്ധം കൂടുതല്‍ ഗാഢമാക്കുവാന്‍ മനക്കോട്ട കെട്ടിയാണ് തനിക്കും ഗവണ്‍മെന്റിനും രക്ഷാകവചം തീര്‍ക്കുന്ന അമിത് ഷായെ ഒന്ന് സുഖിപ്പിക്കുവാന്‍ വേണ്ടി നെഹ്റു ട്രോഫി വള്ളംകളി കാണുവാന്‍ ക്ഷണിച്ചത് .

കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന അമിത്ഷായും മോദിയും കേരളത്തില്‍ ഇപ്പോഴും വേരുറയ്ക്കാത്ത ബിജെപിക്ക് ബദലായി മാത്രമേ സിപിഎമ്മിനെ കാണുന്നു എന്നുള്ള യാഥാര്‍ത്ഥ്യം ഇപ്പോഴും മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടില്ല. ഇതേപോലുള്ള പല പൊറോട്ട് നാടകങ്ങളും ഇനിയും നമ്മള്‍ കാണാന്‍ ഇരിക്കുന്നതേയുള്ളൂവെന്ന് രമേശ് ചെന്നിത്തല എഴുതി.

ഇന്നലെയായിരുന്നു നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി വരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ആഭ്യന്തരമന്ത്രി അമിത് ഷാ നിരസിച്ചത്. ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.