നവകേരള സദസ്സിൽ തോമസ് ചാഴികാടൻ എം പി ഉന്നയിച്ച ചേർപ്പുങ്കൽ സമാന്തര പാലം യാഥാർത്ഥത്തിലേക്ക്; യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കി
പാലാ: നവകേരള സദസ്സിനിടെ മുഖ്യമന്ത്രിക്ക് മുന്നിൽ കോട്ടയം എം പി തോമസ് ചാഴികാടൻ അവതരിപ്പിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ചേർപ്പുങ്കൽ പാലം നിർമാണം അടിയന്തരമായി പൂർത്തിയാക്കണം എന്നത്. പറഞ്ഞ സന്ദർഭം ചൂണ്ടിക്കാട്ടി വേദിയിൽ എം പിയെ തിരുത്തിയെങ്കിലും ചാഴികാടന്റെ ആവശ്യത്തെ മുഖ്യമന്ത്രിയും മുഖവിലയ്ക്ക് എടുത്തു. കേരളാ കോൺഗ്രസ് എം സമ്മർദ്ദം ശക്തമാക്കിയപ്പോൾ ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകുകയായിരുന്നു .
പാലത്തിന്റെ പെയിന്റിങ് ജോലികൾ ഒഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ പൂർത്തിയായി. ഇത് കഴിഞ്ഞാലുടൻ പാലം ജനങ്ങൾക്കായി തുറന്നു നൽകുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. പെയിന്റിംഗ് ജോലികൾ നടക്കുന്നതിനിടെ നിയന്ത്രണ വിധേയമായി നിലവിൽ വാഹനങ്ങൾ ഇതുവഴി കടത്തി വിടുന്നുണ്ട്.
പാലം പണി പൂർത്തിയാകുന്നത് ഏറെ അഭിമാനവും സന്തോഷവും നൽകുന്നുവെന്ന് തോമസ് ചാഴികാടൻ പറഞ്ഞു. നിർമ്മാണം പൂർത്തിയാക്കിയ പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംപി. 2021ൽ സാങ്കേതിക പ്രശ്നങ്ങളാൽ പാലം പണി തടസ്സപ്പെട്ട സമയം പൊതുമരാമത്ത് മന്ത്രിയെ നേരിൽ കണ്ട് എംപി നിവേദനം നൽകിയിരുന്നു. ജോസ് കെ മാണി എംപിയടക്കമുള്ളവരും അന്ന് വിഷയത്തിൽ ഇടപെട്ടിരുന്നു.
പിന്നാലെ മന്ത്രി ഉന്നതതല യോഗം വിളിച്ച് സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പണി പുനരാംരംഭിച്ചു. ഇടയ്ക്ക് വീണ്ടും പണി മന്ദഗതിയിലായതോടെയായിരുന്നു എംപി ഇക്കാര്യം നവകേരള സദസ്സിൽ ഉന്നയിച്ചത്. എം പിയുടെ ആവശ്യം പരിഗണിച്ച് നിർമാണം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയും നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പും ഇടപെട്ടതോടെ നിർമ്മാണം വേഗത്തിലായി.
കെ എം മാണി ധനകാര്യമന്ത്രിയായിരിക്കെയാണ് സമാന്തര പാലത്തിന് പണം അനുവദിച്ചത്. പാലാ – കടുത്തുരുത്തി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം നാട്ടുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.
ആയിരക്കണക്കിന് നാട്ടുകാർക്ക് പുറമെ നിരവധി തീർത്ഥാടകർ എത്തുന്ന ചേർപ്പുങ്കൽ മാർ സ്ലീവാ ഫെറോന പള്ളി, മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ എത്തുന്ന രോഗികൾ എന്നിവർക്ക് അടക്കം പാലത്തിന്റെ പ്രയോജനം ലഭിക്കും. ആശുപത്രിയിലേയ്ക്ക് രോഗികളുമായി എത്തുന്ന ആംബുലൻസുകൾ മിനിട്ടുകളോളം പാലത്തിൽ കുരുങ്ങി കിടക്കുന്നത് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു