സസ്യാഹാരരീതി അവസാനിക്കുന്നു; കേരള കലാമണ്ഡലത്തില്‍ ചിക്കന്‍ ബിരിയാണി
വര്ഷങ്ങളായി നിലനിന്നിരുന്ന സസ്യാഹാരരീതി അവസാനിപ്പിച്ച് കേരള കലാമണ്ഡലത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പി. വിദ്യാര്‍ത്ഥികളുടെ ദീർഘകാല കാലത്തെ ആവശ്യമാണ് ഇതോടെ സഫലമായിരിക്കുന്നത്. 1930ല്‍ കലാമണ്ഡലം സ്ഥാപിക്കപ്പെട്ടതുമുതല്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് ക്യാന്റീനില്‍ വിളമ്പിയിരുന്നത്.
എന്നാൽ കാലം മാറുമ്പോൾ കലാമണ്ഡലവും മാറണം എന്നതും മാംസാഹാരം മെനുവില്‍ ഉള്‍പ്പെടുത്തണമെന്നതും വിദ്യാര്‍ത്ഥികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു. ഇതാണ് കഴിഞ്ഞ ബുധനാഴ്ച ദിവസം കാന്റീനില്‍ ചിക്കന്‍ ബിരിയാണി വിളമ്പിയതോടെ യാഥാര്‍ഥ്യമായത്. തൃശ്ശൂരിലെ വിയ്യൂര്‍ ജയിലില്‍നിന്നുള്ള ചിക്കന്‍ ബിരിയാണിയാണ് വിളമ്പിയത്. എല്ലാ ബുധനാഴ്ചകളിലും ഇത്തരത്തില്‍ മാംസാഹാരം നല്‍കാനും തീരുമാനമായിട്ടുണ്ട്.
നേരത്തെ കലാമണ്ഡലത്തില്‍ മാംസാഹാരം വിളമ്പാന്‍ പാടില്ലെന്ന് എഴുതപ്പെട്ട നിയമം ഇല്ലെങ്കിലും നീണ്ട കാലം അവ നിരോധിച്ച അവസ്ഥയായിരുന്നു. അതേസമയം, മാംസാഹാരം ഉള്‍പ്പെടുത്തിയതിനെതിരെ ചില അധ്യാപകര്‍ക്ക് അതൃപ്തി ഉള്ളതായും സൂചനകളുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉഴിച്ചിലും പിഴിച്ചിലും പോലുള്ള ചികിത്സാ രീതികളിലൂടെ കടന്നുപോകേണ്ടതിനാല്‍ മാംസാഹാരം ശരീരത്തിന് അനുയോജ്യമല്ല എന്ന വാദം ഒരു വിഭാഗം അധ്യാപകര്‍ ഉയര്‍ത്തുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടപെട്ട ഭക്ഷണം കഴിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നും എന്നാല്‍ അത് ക്യാമ്പസിന് പുറത്തുവെച്ചാകാമെന്നും അധ്യാപകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, ക്യാന്റീനില്‍ മാംസാഹാരം ഉണ്ടാക്കിത്തുടങ്ങിയിട്ടില്ല. നിരവധി വിദ്യാര്‍ത്ഥികള്‍ പുറത്തുനിന്ന് മാംസാഹാരം ഓര്‍ഡര്‍ ചെയ്യുന്നത് കണ്ട കലാമണ്ഡലം അധികാരികള്‍ ക്യാമ്പസിനുള്ളില്‍ അവ വിളമ്പാന്‍ അനുവദിക്കുകയായിരുന്നു.